എടപ്പാളിലെ കുത്തഴിഞ്ഞ വാഹന പാര്‍ക്കിംഗിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി സമര രംഗത്തേക്ക്
എടപ്പാള്‍ : എടപ്പാള്‍ ജംഗ്ഷനിലെ കുത്തഴിഞ്ഞ വാഹന പാര്‍ക്കിംഗ് സംവിധാനങ്ങള്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കാത്ത അധികൃതരുടെ നിലപാടിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രത്യക്ഷ സമര രംഗത്തേക്ക്.മേല്‍പ്പാലത്തിന്റെ താഴെ ദൂരയാത്രക്കാര്‍ ഇരുചക്ര വാഹനങ്ങള്‍ നിര്‍ത്തിയിട്ട് പോകുന്നത് ടൗണിലെ കച്ചവട സ്ഥാപനങ്ങളെ വലിയ പ്രതിസന്ധിയിലേക്കാണ് നയിക്കുന്നതെന്ന് നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.രാവിലെ അഞ്ച് മണിയോടെ ദീര്‍ഘ ദൂരങ്ങളില്‍ ജോലിക്ക് പോകുന്നവര്‍ മേല്‍പ്പാലത്തിന്റെ താഴെ ഇരുചക്ര വാഹനം നിര്‍ത്തിയിടും.
രാത്രിയിലാണ് ഈ വാഹനം പിന്നീട് കൊണ്ടുപോവുക.ഇത്തരത്തില്‍ നൂറ് കണക്കിന് ഇരുചക്ര വാഹനങ്ങളാണ് ദിവസവും മേല്‍പ്പാലത്തിന്റെ താഴെ നിര്‍ത്തിയിടുന്നത്.ഈ അവസ്ഥ മൂലംടൗണിലെ കച്ചവട സ്ഥാപനങ്ങളിലേക്ക് ഇരുചക്ര വാഹനങ്ങളില്‍ വരുന്നവര്‍ക്ക് വാഹനം നിര്‍ത്തിയിടാന്‍ പിന്നെ സ്ഥലമില്ലാത്ത അവസ്ഥയാണ്.മാലിന്യങ്ങള്‍ നിറഞ്ഞ കാനകള്‍ യഥാസമയം വൃത്തിയാക്കാത്തതും കാനകളുടെ തകര്‍ന്ന കോണ്‍ക്രീറ്റ് സ്ളാബുകള്‍ മാറ്റി സ്ഥാപിക്കാത്തതും തകര്‍ന്ന് തരിപ്പണമായ ബൈപ്പാസ് റോഡുകള്‍ പുനര്‍ നിര്‍മ്മിക്കാത്തതും എടപ്പാള്‍ ജംഗ്ഷന്റെ ദുരവസ്ഥക്ക് കാരണമാണെന്ന് നേതാക്കള്‍ പറഞ്ഞു.
വാഹന പാര്‍ക്കിംഗ് കുറ്റമറ്റ രീതിയിലാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവി,കലക്ടര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കും.
വിഷയങ്ങള്‍ക്ക് പരിഹാരമില്ലെങ്കില്‍ പ്രത്യക്ഷ സമരം ആരംഭിക്കുമെന്നും നേതാക്കളായ ഇ.പ്രകാശ്,എം.ശങ്കരനാരായണന്‍,എ.കെ.അസീസ്,ഫിറ്റ് വെല്‍ ഹസ്സന്‍,ടി.എം.ബൈനേഷ്,നാസര്‍ കോട്ടണ്‍സൂക്ക്,മുഹ്സിന്‍ വെറൈറ്റി,ഷുഹൈബ് നാസ് എന്നിവര്‍ പറഞ്ഞു.
Comments
Post a Comment